Monday, November 27, 2006

ആശയങ്ങളും വാക്കുകളും

ആശയങ്ങളും വാക്കുകളും കൂട്ടിമുട്ടിയതെങ്ങിനെ?
ചില വാക്കുകളില്‍ താനെ അര്‍ത്ഥം അലിഞ്ഞു ചേര്‍ന്നതാവണം
ചിലതു അര്‍ത്ഥത്തെ തിരഞ്ഞു പിടിച്ചതാകാം
മറ്റുചിലതില്‍ ബലമായി കെട്ടിവച്ചതും
ആശയങ്ങള്‍ മുന്നറിയിപ്പില്ലാതെ വന്നപ്പോള്‍
കൈയ്യില്‍ കിട്ടിയ വാക്കിനു ചാര്‍ത്തായി കൊടുത്തതു മറ്റു ചിലത്‌

എന്തൊക്കെയായാലും വാക്കുകള്‍ വല്ലാത്ത പഹയന്മാര്‍ തന്നെ
ഉള്ളിലെ വേലീയേറ്റങ്ങളെ(വേലിയിറക്കങ്ങളേയും)
ഒരു ഉളുപ്പുമില്ലാതെ ചിത്രങ്ങളില്‍ അടിച്ചൊതുക്കി കടന്നു കളയും

വരികള്‍ക്കും വികാരങ്ങള്‍ക്കുമിടയിലെ നഷ്ടപെടലുകലല്‍
‍അപ്പൂപ്പന്‍ താടികളായി പറന്നു നടക്കുന്നണ്ടാവണം
ചിന്തകളുടെ ഭാരവും കേള്‍വിയുടെ(വായനയുടെയും) കാത്തിരിപ്പുമില്ലാതെ..

കുറ്റസമ്മതം ( അടുത്ത ക്യാബിന്‍-ലെ ചിരിക്കാത്ത മനുഷ്യന്‌)

ഇന്നലെ അറിയാതെ ചിരിച്ചു പോയി
മനസ്സിനെ കഞ്ഞി മുക്കി ഇസ്തിരിയിട്ടു വടി പോലാക്കി
ഘടികാര മുഴക്കത്തില്‍ കൊളുത്തിയിട്ടിട്ടും

കണി തന്ന കുഞ്ഞിന്റെ മോണച്ചിരിയൊ
രാത്രി പെയ്യാതെ പെയ്ത മഴയൊ ആണു പണി പറ്റിച്ചത്‌

ജാള്യതയൊടെ സ്ക്രീന്‍-ല്‍മുഖം പൂഴ്ത്തുമ്പൊള്‍
‍മനസ്സിന്റെ ആശ്വാസ മന്ത്രം 'ഭാഗ്യം ആരും കണ്ടില്ല'

എന്റെ ‘കവിത’

കവിത കാച്ചികുറുക്കിയതാവണം

കഴയ്ക്കുന്നതു മനസ്സായാതിനാല്‍ മടുത്തു

ഒരു പന്തം കത്തിക്കാമെന്നോര്‍ത്തു

തീപ്പെട്ടികോലിനു പോലും വകുപ്പില്ലാത്തതിനാല്‍ മടങ്ങി

അവസാനം ഒരൂക്കന്‍ പ്രസ്തവന

'തോറ്റും തികട്ടിയുമിരുന്നാല്‍ ‍താഴും തിടമ്പും വേണ്ടല്ലൊ'

Saturday, November 25, 2006

പിന്‍ വഴി

സ്വപ്നങ്ങളും ആവശ്യങ്ങളും തമ്മില്‍ കലഹം മൂത്തപ്പൊള്‍
മനസ്സു മടുത്തു പിന്‍ വഴികളില്‍ നടക്കാനിറങ്ങി.

പതിയെ നടക്കുന്നതാണു സുഖമെന്നു ഇടം കാലും
ഞാനാണാദ്യം എത്തുക എന്നു വലം കാലും കുശുകുശുത്തു

പണ്ടു തന്നെ ഒട്ടിപിടിച്ചിരുന്ന സ്വപ്നങ്ങളെ കണ്ണുകള്‍ കണ്ടെടുത്തു
കേട്ടു മറന്ന പാട്ടിന്റെ ഈണത്തില്‍ പകച്ചു പോയി കാതുകള്‍

ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലൊ എന്ന ചിന്തയില്‍

‍ഞാനപ്പൊഴും തല ഉയര്‍ത്തി തന്നെ പിടിച്ചിരുന്നു

പക്ഷെ എന്റെ മനസിനെ വഴിയില്‍ മറന്നിട്ട നിലയില്‍ കണ്ടെത്തിയപ്പൊള്‍
നടപ്പു പിന്നോട്ടാണെന്നു ഞാനും ഞെട്ടി തിരിച്ചറിഞ്ഞു..........

സുഹ്രുത്ത്

എന്റെ പൂന്തൊട്ടം കാണണമത്രെ.
സുഹ്രുത്തുക്കള്‍ എല്ലാം പങ്കുവെക്കണമെന്നാണു നാട്ടു നടപ്പെന്നു
കയര്‍ത്തപ്പൊള്‍ ഞാനും അതേറ്റുപിടിച്ചു

"അന്യര്‍ പ്രവേശിക്കരുത്‌" എന്ന സൂചിക അവന്റെ
സഹായത്താല്‍ തന്നെ പിഴുതെറിഞ്ഞു

ആദ്യത്തെ മുള്ളില്‍ ചവിട്ടിയപ്പൊള്‍ വളിച്ച ചിരിയോടെ
വേദന പോലും അവന്റേതാണെന്നു അവകാശവാദം

വരണ്ട കാറ്റു കൊണ്ടപ്പൊള്‍ സഹതാപം
ഉണങ്ങി വരണ്ട ഇലക്കൂട്ടങ്ങളെ ആദ്യമായി പുശ്ചിച്ചു

ആളനക്കമില്ലാതെ വരണ്ടുക്കിടന്നതെല്ലാം അവന്‍
‍വിളിച്ചുണര്‍ത്തി ചവിട്ടി മെതിച്ചു

അവസാനം പടികടന്നു തിരിഞ്ഞു നോക്കാതെ അവന്‍ അകലവെ
ഒരു സുഹ്രുത്തിനു കൂടി ഞാന്‍ ബലിയിട്ടു

വാ‍ക്ക്

അരിപ്പ കൊണ്ടു അരിച്ചെടുത്ത പോലെ
വളരെക്കുറച്ചെ നീ പറഞ്ഞിരുന്നുള്ളൂ

വരികള്‍ക്കിടയില്‍ വായിക്കാനാറിഞ്ഞിരുന്നതു കൊണ്ടു
എന്നെ അതേശിയില്ല

നിന്നില്‍ നിന്നും ഊറ്റിയെടുത്ത ചിന്തകള്‍
എന്നെ ഇടതടവില്ലാതെ സംസാരിപ്പിച്ചപ്പൊള്‍


‍പക്ഷെ നീ "നിര്‍ത്ത്‌" എന്നലറിയതെന്തിനായിരുന്നു?

സമയം

ഓരോ ദിവസത്തേക്കും ജീവിക്കാമെന്നു കരുതി

രാത്രിയും പകലും വേര്‍പിരിയുന്നതു കണ്ടു മനസു വിതുമ്പി
മണീക്കൂറായി ചുരുങ്ങി .. ഘടികാരത്തിന്റെ മുഴക്കം പേടിപെടുത്തി

മിനിറ്റായി തീര്‍ന്നപ്പൊള്‍ സെക്കെന്റ് സൂചി പിന്തള്ളി ചുറുചുറുക്കൊടെ കടന്നു പോയി
ഇപ്പോള്‍‍ സുഖം

ചിന്തിക്കാന്‍ കൂടി നില്‍ക്കേണ്ടതില്ലല്ലൊ

വിരുന്നുകാരന്‍

ഇന്നലെ ഒരു വിരുന്നുകാരന്‍
പണ്ടു പിരിഞ്ഞു പോയ സ്വപ്നമാണെന്നു പറഞ്ഞു പരിചയപ്പെടുത്തി

പറയാതെ എത്തുന്ന വിരുന്നുകാരന്‍
‍ഒരു അലോസരമാണെന്നു സൂചിപ്പിക്കാന്‍ ഞാന്‍ മറന്നില്ല

അനുവാദമില്ലതെ കസേരയിലിരുന്നാടി.
ഇപ്പൊഴും ജീവനൊടെ ഉണ്ടോ എന്നറിയാന്‍ വന്നതാണത്രെ

പണ്ടവനെ പിരിഞ്ഞപ്പൊള്‍ ഞാന്‍ ഒത്തിരി കരഞ്ഞു പോലും
എന്റെ രാത്രികളില്‍ താരാട്ടു പാടിയിരുന്നതു അവനാണത്രെ

എന്റെ പിടിയിലൊതുങ്ങാത്ത കാര്യങ്ങള്‍
‍സ്വപ്നം, താരാട്ട്‌, കണ്ണീര്‍ ഈ വാക്കുകള്‍ എന്നെ ഭ്രമിപ്പിചു

ഞാന്‍ അര്‍ത്ഥത്തിനായി ഓര്‍മ്മയില്‍ പരതിയപ്പോള്‍
‍ആദ്യം അദ്ഭുതം അവന്റെ കണ്ണില്‍, പിന്നെ ഒരിറ്റു കണ്ണീര്‍

‍അപ്പോള്‍ കപ്പലിലെ കള്ളനെ പിടിച്ച സന്തോഷത്താല്‍ ഞാന്‍ പൊട്ടിച്ചിരിച്ചു
"സ്വപ്നങ്ങള്‍ കരയാറില്ലല്ലൊ ഒരിക്കലും"

എകാന്തത

ഏകാന്തത അന്വേഷിച്ചിറങ്ങി
ശ്രീബുദ്ധനെ ഓര്‍ത്തു ആല്‍ത്തണലിലിരുന്നു
ഇലകളുടെ സ്വകാര്യങ്ങള്‍ എന്നെ ലജ്ജിപ്പിച്ചു

മൈതാന നടുവില്‍ നിറയെ എകാന്തത
ചെന്നപ്പോഴറിഞ്ഞു, കാറ്റുകള്‍ കിന്നരിക്കുന്നതവിടെ

കവി പറഞ്ഞ പുഴയുടെ കരയിലെത്തി
അടിത്തട്ടു കാണുന്ന നഗ്നത, നോക്കിയപ്പൊള്‍ ചിലമ്പി

ഒടുവില്‍ തിരിച്ചെന്റെ മുറിയിലെത്തി
ആറിത്തണുത്ത നിശബ്ദത, വികരമില്ലാത്ത ചിരി

എകാന്തത വല്ലാതെ ഭയന്നു ഞാന്
‍പുതപ്പു വാരി മുഖം മറച്ചു

സന്ധ്യ

സന്ധ്യ ഒരു തുടര്‍ച്ചയാണു പോലും
വലിച്ചു കീറലിന്റെ ചുവപ്പാണെന്നു ഞാന്‍ പറയും...

തുടക്കം

ഇന്നലെ ഞാന്‍ എന്റെ പേനയെ കണ്ടെടുത്തു...
ഒന്നെഴുതാന്‍ കൂട്ടു വരൂ എന്നു പറഞ്ഞു കെഞ്ചി

നിന്റെ വാക്കുകള്‍ എവിടെ എന്നു അവന്‍
‍തിരഞ്ഞാല്‍ കിട്ടുമായിരിക്കുമെന്നു ഞാന്‍

നിന്റെ ചൂടും ചൂരുമെവിടെ എന്നവന്‍
എന്റെ കരളില്‍ കനലില്ലേ എന്നു ഞാന്‍

ഉള്ളതു മതി, അതു കൊണ്ടു കഴിഞ്ഞൂടെ
എന്നു ഞാന്‍ താഴ്മയായി പറഞ്ഞു നോക്കി

പക്ഷെ അവനപ്പൊഴും സത്യം , കരുണ,പ്രചോദനം
പിന്നെന്തൊക്കെയൊ പിറുപിറുത്തു

നീ പോലും കള്ളമാണു എന്നവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍
‍ഞാനവനെ പിടിച്ചു പേപ്പറിലേക്കടിച്ചമര്‍ത്തി